ഒരാൾ നടന്നു പോകുന്നത് കണ്ടു. ശ്രദ്ധിച്ചാൽ മനസ്സിലാവും അയാളുടെ നടത്തത്തിൽ ഒരു ചടുലത കാണാവുന്നതാണ് .അതോടൊപ്പം തന്നെ മുഖത്തു ഒരു ആകുലതയും പ്രകടമാണ്. മുന്നിൽ കണ്ട വലിയകെട്ടിടത്തിന്റെ പടവുകൾ അയാൾ അതിവേഗം ഓടിക്കയറി.
ഏകദേശം 65 വയസ്സോളം പ്രായം വരുന്ന, മാന്യമായ വേഷം ധരിച്ച ഒരു മനുഷ്യൻ. അയാൾ സന്തോഷവാനല്ല എന്നത് വ്യക്തം കാരണം ആ ആശുപത്രിയുടെ പടവുകൾ അതിവേഗം ഓടിക്കയറണമെങ്കിൽ എന്തോ അത്യാവശ്യം ഉണ്ടെന്നത് തീർച്ച. നടത്തത്തിൻ്റെ വേഗതക്കനുസരിച്ചു അദ്ദേഹത്തിൻ്റെ ശ്വാസഗതിയിൽ വരുന്ന വ്യത്യാസം ശരീരചലനത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
അയാളുടെ വേഗതയിലുള്ള നടത്തം മൂന്നാം നിലയിലെ I C U വിനു മുന്നിലാണ് അവസാനിച്ചത്. അവിടെ പരിചയമുള്ള ഒന്നിലധികം മുഖങ്ങൾ അദ്ദേഹം കണ്ടു. അവരിൽ ഒരാളുടെ വിതുമ്പൽ അദ്ദേഹത്തെ കണ്ടതും കരച്ചിലോളമെത്തി. അയാൾ അവരോട് ഒന്നിലധികം ചോദ്യങ്ങൾ ഒരുമിച്ചു ചോദിച്ചു ...... എങ്ങിനെയാണ് , എവിടെവച്ചാണ്, ഡോക്ടർ എന്തുപറഞ്ഞു , കുഴപ്പമെന്തെങ്കിലും..... അദ്ദേഹത്തിൻ്റെ വാക്കുകൾ പകുതിവഴിയിൽ മുറിഞ്ഞു ....
അവനോട് ഞങ്ങൾ പറഞ്ഞതാ അങ്കിൾ ,അവൻ കേട്ടില്ല കുറച്ചു കൂടുതൽ കഴിച്ചിട്ടുണ്ടായിരുന്നു ( അല്ലെങ്കിലും അതില്ലാത്ത സമയ൦ ഇല്ലല്ലോ അദ്ദേഹം ചിന്തിച്ചു ). അവൻ്റെ വീഴ്ച കണ്ടവർ അത് സ്വന്തം മൊബൈലിൽ പകർത്തുവാൻ മത്സരിച്ചിരുന്നത്രെ....അവർക്കത് അത്ര നല്ലകാഴ്ചയായിരുന്നു.
വഴിയരികിൽ കണ്ട "മൂന്നക്ഷരം" നോക്കിയതാണ് അപകടകാരണം. അവനു ആ "മൂന്നക്ഷരം" ഇഷ്ട്ടമായിരുന്നു ഒപ്പം അതിനുള്ളിൽ ലഭിക്കുന്ന പാനീയവും അതിൽ അവൻ ആനന്ദം കണ്ടെത്തിയിരുന്നു. അതിൽ നിന്നും അവനെ പിന്തിരിപ്പിക്കുൻ വീട്ടുകാരും ,കൂട്ടുകാരും, നാട്ടുകാരും ആവുന്നത്ര ശ്രമിച്ചിരുന്നു എന്നാൽ റോഡിലെ മണ്ണുപുരളുവാൻ തന്നെയായിരുന്നു അവൻ്റെ നിയോഗം. അവൻ അതിൽ കൃത്യത പാലിക്കുക തന്നെ ചെയ്തു.
കൂട്ടുകാർ അവൻ്റെ യാത്രയയപ്പു ചടങ്ങുകളുടെ വിവരങ്ങൾ മറ്റുള്ളവരെ അറിയിക്കുന്ന തിരക്കിലാണ്. അകലെയെവിടെയോ , അജ്ഞാത വാഹനത്തിനിരയായ ഒരു " ദൈവ കവി"യുടെ കവിതാശകലം പശ്ചാത്തല സംഗീതമെന്നപോലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു.
" കരളുപങ്കിടാൻ വയ്യെൻ്റെ പ്രേമമേ....
പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ....."
Comments
Post a Comment